2 ശമൂവേൽ 13 : 1 (MOV)
അതിന്റെ ശേഷം സംഭവിച്ചതു: ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൌന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു.
2 ശമൂവേൽ 13 : 2 (MOV)
തന്റെ സഹോദരിയായ താമാർ നിമിത്തം മാൽ മുഴുത്തിട്ടു അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‍വാൻ അമ്നോന്നു പ്രയാസം തോന്നി.
2 ശമൂവേൽ 13 : 3 (MOV)
എന്നാൽ അമ്നോന്നു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
2 ശമൂവേൽ 13 : 4 (MOV)
അവൻ അവനോടു: നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോൻ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 13 : 5 (MOV)
യോനാദാബ് അവനോടു: നീ രോഗം നടിച്ചു കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാണ്മാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോടു: എന്റെ സഹോദരിയായ താമാർ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യിൽ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു.
2 ശമൂവേൽ 13 : 6 (MOV)
അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാൻ വന്നപ്പോൾ അമ്നോൻ രാജാവിനോടു: എന്റെ സഹോദരിയായ താമാർ വന്നു ഞാൻ അവളുടെ കയ്യിൽ നിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പിൽവെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
2 ശമൂവേൽ 13 : 7 (MOV)
ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.
2 ശമൂവേൽ 13 : 8 (MOV)
താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പിൽവെച്ചു തന്നെ വടകളായി ചുട്ടു.
2 ശമൂവേൽ 13 : 9 (MOV)
ഉരുളിയോടെ എടുത്തു അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി.
2 ശമൂവേൽ 13 : 10 (MOV)
അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.
2 ശമൂവേൽ 13 : 11 (MOV)
അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
2 ശമൂവേൽ 13 : 12 (MOV)
അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.
2 ശമൂവേൽ 13 : 13 (MOV)
എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
2 ശമൂവേൽ 13 : 14 (MOV)
എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.
2 ശമൂവേൽ 13 : 15 (MOV)
പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോൻ അവളോടു പറഞ്ഞു;
2 ശമൂവേൽ 13 : 16 (MOV)
അവൾ അവനോടു: അങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന്നു അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല.
2 ശമൂവേൽ 13 : 17 (MOV)
അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടെച്ചുകളക എന്നു പറഞ്ഞു.
2 ശമൂവേൽ 13 : 18 (MOV)
അവൾ നിലയങ്കിധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടെച്ചുകളഞ്ഞു.
2 ശമൂവേൽ 13 : 19 (MOV)
അപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.
2 ശമൂവേൽ 13 : 20 (MOV)
അവളുടെ സഹോദരനായ അബ്ശാലോം അവളോടു: നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു.
2 ശമൂവേൽ 13 : 21 (MOV)
ദാവീദ്രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
2 ശമൂവേൽ 13 : 22 (MOV)
എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.
2 ശമൂവേൽ 13 : 23 (MOV)
രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.
2 ശമൂവേൽ 13 : 24 (MOV)
അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.
2 ശമൂവേൽ 13 : 25 (MOV)
രാജാവു അബ്ശാലോമിനോടു: വേണ്ടാ മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചിട്ടും പോകുവാൻ മനസ്സാകാതെ അവൻ അവനെ അനുഗ്രഹിച്ചു.
2 ശമൂവേൽ 13 : 26 (MOV)
അപ്പോൾ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടു: അവൻ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 13 : 27 (MOV)
എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.
2 ശമൂവേൽ 13 : 28 (MOV)
എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോടു: നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോടു: അമ്നോനെ അടിച്ചുകൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു.
2 ശമൂവേൽ 13 : 29 (MOV)
അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി.
2 ശമൂവേൽ 13 : 30 (MOV)
അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നേ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വർത്തമാനം എത്തി.
2 ശമൂവേൽ 13 : 31 (MOV)
അപ്പോൾ രാജാവു എഴുന്നേറ്റു വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.
2 ശമൂവേൽ 13 : 32 (MOV)
എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതു: അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുതു; അമ്നോൻ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്തു ഈ നിർണ്ണയം കാണ്മാൻ ഉണ്ടായിരുന്നു.
2 ശമൂവേൽ 13 : 33 (MOV)
ആകയാൽ രാജകുമാരന്മാർ ഒക്കെയും മരിച്ചുപോയി എന്നുള്ള വർത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ള.
2 ശമൂവേൽ 13 : 34 (MOV)
എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.
2 ശമൂവേൽ 13 : 35 (MOV)
അപ്പോൾ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.
2 ശമൂവേൽ 13 : 36 (MOV)
അവൻ സംസാരിച്ചു തീർന്നപ്പോഴെക്കു രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.
2 ശമൂവേൽ 13 : 37 (MOV)
എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
2 ശമൂവേൽ 13 : 38 (MOV)
ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.
2 ശമൂവേൽ 13 : 39 (MOV)
എന്നാൽ ദാവീദ്‍രാജാവു അബ്ശാലോമിനെ കാണ്മാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന്നു ആശ്വാസം വന്നിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39